
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിൽ എത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ പാറക്കൽ അബ്ദുല്ലക്ക് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സ്വീകരണം നൽകി. മദീന ഖലീഫ നോർത്തിലെ ഇസ്‌ലാഹി സെന്റർ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു.
പ്രവാസികൾക്കും സാധാരണ ജനങ്ങൾക്കും ഗുണകരമാവുന്ന നിരവധി പദ്ധതികളാണ് യു ഡി എഫ് ഗവൺമെന്റ് നടപ്പാക്കുന്നതെന്ന് പാറക്കൽ അബ്ദുല്ല തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താൻ പ്രവാസി സംഘടനകൾ ബോധവൽക്കരണം നടത്തണം. മുൻ യു ഡി എഫ് സർക്കാറുകൾ നടപ്പിൽ വരുത്തിയ സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സംവിധാനങ്ങളാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത്. മലബാർ മേഖലയിലെ ഹയർ സെക്കന്ററി സ്‌കൂൾ രംഗത്ത് പുതിയ സീറ്റുകൾ അനുവദിക്കാനും ഈ ഗവൺമെന്റിന് സാധിച്ചിട്ടുണ്ട് - അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഇസ്‌ലാഹി സെന്ററിന്റെ പ്രത്യേക ഉപഹാരം എം എൽ എയ്ക്ക് കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് നല്ലളം, നിസാർ ചെട്ടിപ്പടി, ഷഹീർ ഇരിങ്ങത്ത് എന്നിവർ സംസാരിച്ചു. റിയാസ് വാണിമേൽ, മൊയ്ദീൻ ഷാ, അജ്മൽ ജൗഹർ, ഹമദ് ബിൻ സിദ്ദീഖ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.










